പുല്‍പ്പള്ളി: വേനല്‍ക്കാലത്ത് അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് അവര്‍ക്കുകൂടി ഉപകാരപ്രദമായ രീതിയില്‍ പുഴയില്‍ തടയണകള്‍ നിര്‍മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തി കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ജലസേചന മന്ത്രി മോന്‍സ് ജോസഫിന് എംഎല്‍എ കത്ത് നല്കി. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ പ്രദേശത്തെ കൃഷികള്‍ കരിഞ്ഞുണങ്ങുന്നത് പതിവാണ്. കേരള-കര്‍ണാടക സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി കൂടിയായ കബനിനദിയില്‍ തടയണ ഇല്ലാത്തതുമൂലം ജലം നിലവില്‍ പൂര്‍ണമായി ഒഴുകിപ്പോകുന്ന സാഹചര്യമാണ്. ഇത് വരള്‍ച്ചയുടെ ആക്കം കൂട്ടുന്നതായും എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് പ്രദേശത്തെ പെരിക്കല്ലൂര്‍, മരക്കടവ്, അമ്പത് വയല്‍, കൊളവള്ളി സ്റ്റേജ് ഒന്ന്, കൊളവള്ളി സ്റ്റേജ് രണ്ട്, കൃഗന്നൂര്‍, മരക്കടവ് വാട്ടര്‍ അഥോറിറ്റി പമ്പ് ഹൗസ് എന്നീ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണമെന്നാണ് എംഎല്‍എ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.